ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കിരാതവേഷത്തിലെത്തിയ പരമശിവനുമായി, അര്‍ജ്ജുനന്‍ ഇവിടെ വച്ച് പൊരിഞ്ഞ യുദ്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും, അസ്ത്രപ്രയോഗത്തില്‍ കോപിഷ്ഠനായ കിരാതന്‍ തന്റെ വലതുകാല്‍ കൊണ്ട് അര്‍ജ്ജുനനെ പിറകോട്ട് തോണ്ടിയെറിഞ്ഞുവെന്നും, അര്‍ജ്ജുനന്‍ വന്നു വീണ സ്ഥലം വലംകാലൂരെന്നും പിന്നീട് വൈകാലുരെന്നും, വൈകാലൂര്‍ കാലാന്തരത്തില്‍ പയ്യാവൂരെന്നും അറിയപ്പെട്ടുവെന്നാണ് ഐതിഹ്യം. പരമേശ്വരനോട് പരാജയം ഏറ്റുവാങ്ങിയ അര്‍ജ്ജുനന്‍ ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തിയതാണ് പയ്യാവൂര്‍ ശിവക്ഷേത്രമെന്നാണ് ഐതിഹ്യം. ശിവക്ഷേത്രത്തിനോടു ചുറ്റിപ്പറ്റിയാണ് ഇവിടെ ജനജീവിതവും ആവാസകേന്ദ്രങ്ങളും ഉടലെടുത്തത്. നവീന ശിലായുഗ അവശിഷ്ടങ്ങളായ വീരക്കല്ല്, കുടക്കല്ല് മുതലായ മഹാശിലകള്‍ ചില ഭാഗങ്ങളില്‍ കണ്ടുവരുന്നു. പ്രാചീനസംസ്കാരത്തിലെ ശവസംസ്കാര രീതിയുടെ ഭാഗമായ നന്നങ്ങാടികള്‍ ഈ ഗ്രാമത്തിന്റെ മിക്കഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചതുരമ്പുഴ-ചീത്തപ്പാറ പാതയ്ക്കു സമീപത്തു നിന്നും, ഏതാനും വലിയ ഭരണികള്‍ (നന്നങ്ങാടികള്‍) ലഭിച്ചു. ചാരവും എല്ലിന്‍ കഷണങ്ങളും അതില്‍ കണ്ടിരുന്നു. വടക്കന്‍ പാട്ടിലെ വീരനായകനായ ഒതേനനെ കേന്ദ്രമാക്കിയും ചില മിത്തുകള്‍ നിലവിലുണ്ട്. അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരനും കളിത്തോഴനുമായിരുന്ന കണ്ടുച്ചേരി ചാപ്പന്‍ ഈ ഗ്രാമത്തിലെ കണ്ടകേശ്ശേരിക്കാരനാണെന്ന് പറയപ്പെടുന്നു. പഴശ്ശിരാജ പയ്യാവൂരില്‍ നിന്നും 4 കിലോമീറ്റര്‍ വടക്കുഭാഗത്ത് വനമധ്യത്തില്‍ അദ്ദേഹത്തിന്റെ ഭരദേവതയായ ശ്രീപോര്‍ക്കലീ ഭഗവതിയെ പ്രതിഷ്ഠിക്കുകയുണ്ടായി. അതുമുതല്‍ ഈ സ്ഥലം പഴശിക്കാരി എന്നറിയപ്പെട്ടു. കാലക്രമേണ പഴശിക്കാരി പൈസക്കരിയായെന്നും വിശ്വസിക്കപ്പെടുന്നു. അംബരചുംബികളായ കുടകുമലകളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു ഗ്രാമമാണ് പയ്യാവൂര്‍. പച്ചപ്പട്ടു വിരിച്ച വയലുകളും, നീര്‍ച്ചാലുകളും, ശിരസുയര്‍ത്തിനില്‍ക്കുന്ന മാമലകളും ഈ ഗ്രാമത്തിന്റെ പ്രകൃതിഭംഗി വര്‍ദ്ധിപ്പിക്കുന്നു. കോട്ടയം രൂപതയുടെ നേതൃത്വത്തിലാണ് തിരുവിതാംകൂറില്‍ നിന്നും ഇവിടേക്ക് ജനങ്ങള്‍ കുടിയേറിയത്. കേരളത്തിലെ മുത്തപ്പന്‍ സ്ഥാനങ്ങളുടെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പാടിയും അഖിലേന്ത്യാപ്രസിദ്ധമാണ്. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെ എത്തുന്നു. 1944-ല്‍ കോട്ടയം രൂപതയുടെ കീഴില്‍ ഇരൂഡില്‍ ആരംഭിച്ച സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് ഈ ഗ്രാമത്തിലെ പ്രഥമ ക്രൈസ്തവദേവാലയം. കോഴിക്കോട് രൂപതയുടെ കീഴില്‍ 1949-ല്‍ പൈസക്കരയിലും പള്ളി ആരംഭിച്ചു. തുടര്‍ന്ന് ചന്ദനക്കാംപാറ, ചമതച്ചാല്‍, വെമ്പുവ, കാഞ്ഞിരക്കൊല്ലി, ശാന്തിനഗര്‍, പയ്യാവൂര്‍ ടൗണ്‍, ജോസ്മൗണ്ട്, ആടാംപാറ, ഏറ്റുപാറ ദേവാലയങ്ങളും സ്ഥാപിതമായി. പയ്യാവൂര്‍ ടൗണില്‍ ഒരു ജുമാ അത്ത് പള്ളിയും മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ ചന്ദനക്കാംപാറയിലും, കാഞ്ഞിരക്കൊല്ലിയിലും ഓരോ പള്ളികള്‍ സ്ഥിതി ചെയ്യുന്നു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പഞ്ചായത്താണ് പയ്യാവൂര്‍. നെല്ല്, മുത്താറി, തുവര, ചാമ, ചോളം, പരുത്തി, ആവണക്ക്, മത്തന്‍, നരയന്‍, വെള്ളരി എന്നീ വിത്തുകള്‍ കൂട്ടിക്കലര്‍ത്തി വിതച്ച്, വിവിധഘട്ടങ്ങളിലായി വിളവെടുക്കുന്നു. നെല്‍ കൃഷിയെ കവച്ചു വച്ച് നാണ്യവിളയായ റബ്ബര്‍ കൃഷി വ്യാപിച്ച അവസ്ഥയാണിന്നുള്ളത്. പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച വിദ്യാലയം പയ്യാവൂര്‍ ഗവ.യു.പി.സ്കൂളാണ്. 1917-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ഇതൊരു എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചതാണ്. ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസനത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറിയ ക്രിസ്ത്യന്‍ സമൂഹം നിര്‍ണ്ണായക പങ്കു വഹിച്ചു. 1948-ല്‍ ഇരുഡ് കേന്ദ്രമാക്കി കോട്ടയം ബിഷപ്പ് സ്കൂള്‍ സ്ഥാപിതമായി. ഉത്സവാഘോഷങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത്, ശ്രീ പയ്യാവൂര്‍ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവമാണ്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളുടെയും നാട്ടുകാരുടെയാകെത്തന്നെയും സമന്വയമാണ് ഈ ഉത്സവം. പയ്യാവൂരില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനത്ത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് നടന്നുവരുന്നത്. വടക്കുകിഴക്കന്‍ ശബരിമല എന്നു വിശേഷിപ്പിക്കപ്പെടുന്ന പാടി, സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇവിടെ ദര്‍ശനം നടത്തുന്നു. മുത്തപ്പന്‍ ക്ഷേത്രവും തുരുവപ്പന വെള്ളാട്ടവുമാണിവിടെ പ്രധാനം. പൈസക്കരി പള്ളിതിരുനാളും, പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തിരുനാളും, ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിതിരുനാളും കേള്‍വികേട്ടവയാണ്. കൂടാതെ ചന്ദനക്കാംപാറ, വെമ്പുവ, ഏറ്റുപാറ എന്നീ ദേവാലയ തിരുനാളുകളും ഇവിടെയുള്ള പ്രധാന തിരുനാളുകളാണ്. കോയിപ്ര ശ്രീ സുബ്രഹ്മണ്യക്ഷേത്ര തൈപ്പൂയ്യം ഉത്സവവും, പാറക്കടവ് കല്ലാകോട്ടു ഭഗവതി ക്ഷേത്ര ഉത്സവവും, പയ്യാവൂര്‍ ടൗണ്‍ ഭഗവതിക്ഷേത്ര ഉത്സവവും, മാങ്ങാടം വയല്‍ തെയ്യവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.