ബഡ്ജറ്റ് റിപ്പോർട്ട് 2026-27
ആമുഖം
2025 ഡിസംബർ 27 ന് ചുമതലയേറ്റ് നിലവിലെ ഭരണസമിതിയുടെ ആദ്യ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ പി കെ ബാലകൃഷ്ണന് അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നാണ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുന്‍പെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുക എന്നുള്ളത്. നമ്മുടെ രാജ്യത്ത് പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനം രൂപീകൃതമായതിന് ശേഷം അവികസിതമായ ഗ്രാമപ്രദേശങ്ങളില്‍ വിപ്ലവകരമായ വികസനമുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ആയതിന്റെ ഭാഗമായി നമ്മുടെ പഞ്ചായത്തിലും നിരവധി വികസനപ്രവർത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയോരപ്രദേശം എന്നനിലയില്‍ അടിസ്ഥാന പാശ്ചാത്തല സൌകര്യങ്ങളുടെ പരിമിതികളാണ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും, എം എല്‍ എ, എം പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും വിവിധ സർക്കാരുകളുടെയും പരിശ്രമത്തിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്, എങ്കിലും പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങള്‍ നമുക്ക് മുന്പിലുണ്ട്. മലബാർ കുടിയേറ്റത്തിലൂടെ കടന്ന് വന്ന ജനവിഭാഗം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായ കാടുകള്‍ വെട്ടിത്തെളിച്ച് പ്രതികൂല കാലാവസ്ഥയോടും മാറാരോഗങ്ങളോടും പോരടിച്ചുകൊണ്ട് കാർഷിക വൃത്തിയിലൂടെയാണ് മലയോരത്ത് ജീവിതം കരുപ്പിടിപ്പിച്ചത്. തദ്ദേശീയരായ ആളുകള്‍ അത് വരെ ചെയ്തിരുന്ന കൃഷിരീതികളില്‍ നിന്നും വിഭിന്നമായി കുടിയേറ്റത്തിന് ശേഷം നാണ്യവിളകളും മറ്റും നമ്മുടെ കൃഷി സംസ്കാരങ്ങളിലേക്ക് കടന്നുവന്നു പിന്നീട് മികച്ച വരുമാനം ലഭിക്കും എന്നതിനാല്‍ റബ്ബർ കൃഷി വ്യാപകമായി ചെയ്ത് വന്നു. കന്നുകാലി വളർത്തലിലൂടെയും കൃഷിയിലൂടെയും അത്യധ്വാനം ചെയ്ത് മുന്നേറിയ കുടിയേറ്റ ജനത വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിയതും വലിയ പിന്തുണയാണ്. ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ജനകീയ പിന്തുണയോടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലയോരത്ത് ഉയർന്ന വന്നു. പയ്യാവൂരും പരിസരപ്രദേശങ്ങളിലും ഗവണ്മെന്റ് വിദ്യാലയങ്ങളും ഉണ്ടായി. അടിസ്ഥാന വിദ്യാഭ്യാസം നേടിയ അടുത്ത തലമുറ അന്യസംസ്ഥാനങ്ങളില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടുകയും വിദേശ രാജ്യങ്ങളിലേക്ക് മികച്ച തൊഴില്‍ സാധ്യതകള്‍ തേടി കുടിയേറുകയും ചെയ്തു. പുതുതലമുറ വിദ്യാഭ്യാസത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയും, ജീവിതം തന്നെ അന്യരാജ്യങ്ങളിലേക്ക് പറിച്ച് നടുകയും ചെയ്യുന്ന കാഴ്ച്ചയാണ് നമ്മളിന്ന് കാണുന്നത്. കുടിയേറ്റ ജനതയുടെ പുതുതലമുറയില്‍ നല്ലൊരുഭാഗം ഇന്ന് വിദേശ പൌരന്മാരായി മാറിയിരിക്കുന്നു. വരും തലമുറ വിദേശത്തെക്ക് ചേക്കേറുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. ഈ സാഹചര്യം നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയായിരുന്ന കാർഷിക മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തകർന്ന്പോയ കാർഷിക മൃഗസംരക്ഷണ മേഖലയെ പുനരുജ്ജീവനം നടത്തി നിലനിർത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നമുക്ക് നടത്തേണ്ടതുണ്ട്. തരിശായിക്കിടന്ന് കാട് കയറി വന്യമൃഗങ്ങളുടെ സങ്കേതങ്ങളായി മാറിയ ഭൂമിയെ വീണ്ടും കൃഷിഭൂമിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. യുവാക്കള്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന മികച്ച തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അവരെ നാട്ടില്‍ത്തന്നെ നിലനിർത്തി അവരുടെ കഴിവുകള്‍ നാടിന് മുതല്‍ക്കൂട്ടാവാന്‍ കഴിയുന്നതരത്തില്‍ ഉപയോഗപ്പെടുത്താന്നമുക്ക് സാധിക്കണം. പാർശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മാത്രമേ ഒരു ജനകീയ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ദരിദ്രരുടെയും പട്ടികവർഗ്ഗ മേഖലയിലെയും മറ്റും നിരാലംബരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങള്‍ 2026-27 വാർഷിക പദ്ധതിയില്‍ നമ്മള് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയില്‍പ്പെട്ട തെരുവ് വിളക്കുകളുടെ പരിപാലനം, ശുചിത്വ പ്രവർത്തനങ്ങള്‍ ഭിന്നശേഷിക്കാരുടെയും വനിതകളുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ട പദ്ധതികള്‍ ബഡ്സ് സ്കൂള്‍, അംഗണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ വിദ്യാലയങ്ങള്‍ എന്നിവയുടെ പ്രവർത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനും ആധുനിക സൌകര്യങ്ങള്‍ ഏർപ്പെടുത്തി കാലോചിത പരിഷ്കാരങ്ങള്‍ വരുത്തുന്നതിനും നമുക്ക് സാധിക്കണം. ഭവന നിർമ്മാണ നവീകരണ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നമ്മള് നല്‍കുന്നത്. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണ്. ഗ്രാമീണ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം, ജലജീവന്‍ മിഷന് പൈപ്പ് ഇടുന്നതിന് വേണ്ടി പൊളിച്ച റോഡുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ എന്നിവ നമ്മള് ആരംഭിച്ചിട്ടുണ്ട്. സംമ്പൂർണ്ണ കുടിവെള്ള വിതരണം ലക്ഷ്യമിട്ടുള്ള ജലജീവന്‍ മിഷന് പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടിയുള്ല ഇടപെടലുകള്‍ ഭരണസമിതി നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍, ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാർ തുടങ്ങിയ യോഗങ്ങളില്‍ നിരവധി വികസന- ക്ഷേമ പദ്ധതി നിർദ്ദേശങ്ങള്‍ പൊതുജനങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെയും, ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് ഉയർന്ന് വന്നത് ക്രോഡീകരിച്ച് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി നമ്മള് അംഗീകരിച്ചിട്ടുണ്ട്. പ്രസ്തുത വാർഷിക പദ്ധതിക്കാവശ്യമായ അടങ്കല്‍ നിർദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്ക്കൊള്ളിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബജറ്റ് യോഗം നമ്മുടെ പഞ്ചായത്തിന്റെ ഭാവി ദിശ നിർണ്ണയിക്കുന്നതിന്റെ അടിസ്ഥാനശിലയാണ്. ഒരു നാടിന്റെ വികസനം കെട്ടിടങ്ങളും റോഡുകളും കൊണ്ട് മാത്രം അളക്കാനാകില്ല. മറിച്ച് ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടാകുന്ന മുന്നേറ്റങ്ങളാണ് മാനദണ്ഡമാകേണ്ടത്. അത്തരത്തില്‍ മാറ്റത്തിനായുള്ല വഴികാട്ടിയാകാന്‍ ഇന്നത്തെ ബജറ്റ് നിർദ്ദേശങ്ങള്‍ക്ക് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബജറ്റ് എന്നത് വെറും കണക്കുകളുടെ രേഖപ്പെടുത്തലുകള്‍ അല്ല മറിച്ച് നമ്മുടെ സ്വപ്നങ്ങളുടെ ദിശാസൂചക രേഖയാണ്. ഗ്രാമപഞ്ചായത്തിന്റെ ഓരോരൂപയും ജനങ്ങളുടെ നന്മക്കായി അർഹതപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടും എന്ന് ഭരണസമിതി അദ്ധ്യക്ഷ എന്ന നിലയില്‍ ഞാന്‍ ഉറപ്പ് നല്കുന്നു. സുതാര്യത, ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി നാം മുന്നോട്ട് പോകും ഓരോ അംഗങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ നമുക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും.